ദുബൈ : പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇ സജ്ജമാകുകയാണ്. ഈ വർഷത്തെ പ്രധാന പുതുവത്സര വെടിക്കെട്ട് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൈതാനങ്ങളിലാണ് അരങ്ങേറുക. പുതുവത്സര സായാഹ്നത്തെ പ്രത്യേകമാക്കുന്ന തരത്തിൽ 62 മിനിറ്റ് നീളുന്ന മനോഹരമായ വെടിക്കെട്ട് പ്രദർശനമാണ് ഒരുക്കുന്നത്.
മാസങ്ങളോളം നീണ്ട ആസൂത്രണത്തിന്റെയും റിഹേഴ്സലുകളുടെയും ഫലമായാണ് ഈ ഭംഗിയാർന്ന ഷോ ഒരുങ്ങുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ക്രമീകരണങ്ങളും ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതാകയുടെ നിറങ്ങൾ ആധാരമാക്കിയ വെടിക്കെട്ടിനൊപ്പം, എമിറാത്തി പൈതൃകം പ്രതിഫലിപ്പിക്കുന്ന സംഗീതവും ദൃശ്യങ്ങളും അണിനിരക്കും. ഇതിന് പുറമേ, ഏകദേശം 6,500 ഡ്രോണുകൾ പങ്കാളികളാകുന്ന അതിസുന്ദരമായ ഡ്രോൺ ഷോയും പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.



