ന്യൂഡൽഹി : രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിമാനയാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഇൻഡിഗോയുടെ വിമാന സർവീസുകൾ വെട്ടിക്കുച്ചു. ശൈത്യകാല ഷെഡ്യൂളിൻ്റെ 10 ശതമാനം വരെ സർവീസുകൾ കുറയ്ക്കാനാണ് അധികൃതർ നിർദേശം നൽകിയത്.
നിർദേശത്തിൻ്റെ ഭാഗമായി പ്രതിദിനം ഏകദേശം 200 സർവീസുകൾ ഒഴിവാക്കി. ഡിസംബർ ആരംഭത്തിൽ ഉണ്ടായിരുന്ന 2,008 സർവീസുകൾ ഇപ്പോൾ 1,879 ആയി ചുരുങ്ങിയിട്ടുണ്ട്. ബെംഗളൂരു കേന്ദ്രമാക്കിയാണ് ഏറ്റവും കൂടുതൽ സർവീസുകളാണ് വെട്ടിക്കുറച്ചത്. മൊത്തം 52 വിമാനങ്ങൾ. നിലവിൽ ദൈർഘ്യം കുറഞ്ഞ റൂട്ടുകളിലാണ് പ്രധാനമായും സർവീസ് കുറച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇന്ഡിഗോക്ക് എതിരെ ഉയർന്ന പരാതികളുടെ പാശ്ചാത്തലത്തിൽ തുടർ നടപടികളും വൈകാതെ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം, ഷെഡ്യൂളിൽ മാറ്റം വരുത്തിയെങ്കിലും എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് തുടരുമെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.
ഇൻഡിഗോ പ്രതിദിനം 2,200-ലധികം വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുകയും ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയിലെ 60 ശതമാനത്തിലധികം വിഹിതം നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ദൈനംദിന ശേഷിയുടെ 10 ശതമാനം കുറയ്ക്കുന്നത് അടുത്ത ആഴ്ചകളിൽ രാജ്യത്തെ വ്യോമയാന പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക വ്യോമയാന രംഗത്തെ വിദഗ്ധർ ഇതിനകം ഉയർത്തിയിട്ടുണ്ട്.



