ദുബൈ : ദുബൈയിലെ തൊഴിലാളികൾക്കായി പുതുവത്സരം ആഘോഷിക്കാൻ വമ്പൻ മെഗാ ന്യൂ ഇയർ പരിപാടികൾ ഒരുങ്ങുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ചാണ് പരിപാടി. തുടർച്ചയായ മൂന്നാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അൽ ഖൂസയാണ് പ്രധാന വേദി
ഡിസംബർ 31 വൈകുന്നേരം 6 മണി മുതൽ അർധരാത്രിവരെ നടക്കുന്ന പരിപാടികൾ നേരിട്ടും വിർച്വലായും പങ്കാളിത്തം സാധ്യമാകുന്ന ഹൈബ്രിഡ് ഫോർമാറ്റിലായിരിക്കും. ജെബൽ അലി, മുഹൈസ്‌ന തുടങ്ങിയ തൊഴിലാളി കേന്ദ്രങ്ങളിലും ആഘോഷങ്ങൾ നടക്കും. ലൈവ് സ്ട്രീമിംഗും ഡിജിറ്റൽ പങ്കാളിത്തവും ഒരുക്കിയിട്ടുണ്ട്. സൗജന്യ രജിസ്ട്രേഷനിലൂടെ എല്ലാവർക്കും പങ്കെടുക്കാം.
അഞ്ച് ലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും. കാറുകൾ, സ്വർണം, മൊബൈൽ ഫോണുകൾ, യാത്രാ ടിക്കറ്റുകൾ എന്നിവയാണ് പ്രധാന സമ്മാനങ്ങൾ.
ബോളിവുഡ് താരങ്ങളും, പ്രശസ്ത ഗായകരും അണിനിരക്കുന്ന സ്റ്റേജ് ഷോകൾ, ഡിജെ പെർഫോമൻസുകൾ, അന്താരാഷ്ട്ര നൃത്തസംഘങ്ങളുടെ പ്രകടനങ്ങൾ എന്നിവയും ആഘോഷത്തിന് നിറം പകരും.
തൊഴിലാളികൾ ദുബൈയുടെ വികസനത്തിന്റെ അടിത്തറയും ഭാവിയുടെ യഥാർത്ഥ പങ്കാളികളുമാണെന്ന് ജിഡിആർഎഫ്എ അധികൃതർ വ്യക്തമാക്കി. സാമൂഹിക ഐക്യവും മാനുഷിക മൂല്യങ്ങളും ശക്തിപ്പെടുത്തുകയാണ് ആഘോഷത്തിൻ്റെ ലക്ഷ്യം. ദുബൈയിലെ മുഴുവൻ തൊഴിലാളികളെയും ഈ അപൂർവ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ ജി.ഡി.ആർ.എഫ്.എ ക്ഷണിച്ചിരിക്കുകയാണ്.



