ദുബൈ: യാത്രകളെ സ്നേഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അന്റാർട്ടിക്കയിലെ കൊടുംതണുപ്പിലേക്കുള്ള ഒരു യാത്ര പലർക്കും ഒരു സ്വപ്നമായി മാത്രമേ തോന്നാറുള്ളൂ. അത്തരം ഒരു സ്വപ്നം യാഥാർഥ്യമാക്കി ലോകത്തിൻ്റെ ശ്രദ്ധ നേടിയിരിക്കുകയാണ് യു.എ.ഇയിലെ 18 വയസ്സുകാരിയായ ഫാത്തിമ അബ്ദുൽറഹ്മാൻ അൽ അവദിയ.
2026 ജനുവരി 6-ന് അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കി ഫാത്തിമ യു.എ.ഇയുടെ പതാക ഉയർത്തി. സമുദ്രനിരപ്പിൽ നിന്ന് 4,892 മീറ്റർ ഉയരമുള്ള ഈ പർവതം കീഴടക്കിയതോടെ, അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ കാൽവെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അറബ് വനിത എന്ന ലോക റെക്കോർഡും അവർ സ്വന്തമാക്കി.
കടുത്ത തണുപ്പും, ശക്തമായ കാറ്റും, മഞ്ഞുപാളികളും നിറഞ്ഞ അപകടകരമായ സാഹചര്യങ്ങൾ മറികടന്ന് ധൈര്യത്തോടെയും, ആത്മവിശ്വാസത്തോടെയും ഫാത്തിമ തൻ്റെ ലക്ഷ്യത്തിലെത്തി. ഇത് ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്ന ‘സെവൻ സമ്മിറ്റ്സ്’ ദൗത്യത്തിലേക്കുള്ള അവരുടെ മൂന്നാമത്തെ വലിയ നേട്ടമാണ്. ഇതിനുമുമ്പ് 2025-ൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസും അവർ കീഴടക്കിയിരുന്നു.
പർവതാരോഹണ രംഗത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായ ‘എക്സ്പ്ലോറേഴ്‌സ് ഗ്രാൻഡ് സ്ലാം’ സ്വന്തമാക്കുകയാണ് ഫാത്തിമയുടെ ലക്ഷ്യം. യു.എ.ഇ നൽകുന്ന ശക്തമായ പിന്തുണയാണ് ഇത്തരമൊരു വലിയ സ്വപ്നം കാണാൻ തനിക്ക് പ്രചോദനമായതെന്ന് ഫാത്തിമ പറയുന്നു.
അതെസമയം വ്യക്തിഗത നേട്ടം മാത്രമല്ല, ആഗ്രഹവും, ആത്മവിശ്വാസവും,ധൈര്യവും ഉണ്ടെങ്കിൽ അസാധ്യമായതെന്തും സാധ്യമാക്കാം എന്ന ശക്തമായ സന്ദേശം കൂടിയാണ് തൻ്റെ ചരിത്ര നേട്ടത്തിലൂടെ ഫാത്തിമ ലോകത്തിന് നൽകുന്നത്.



