ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ–1ലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി വിപുലീകരിച്ച പാലം തുറന്നു. പാതകളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി വർധിപ്പിച്ചതോടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വാഹന ശേഷി 4,200ൽ നിന്ന് 5,600 ആയി ഉയർന്നു.
ഇതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയുകയും ഗതാഗത കാര്യക്ഷമതയിൽ 33 ശതമാനം മെച്ചം കൈവരിക്കുകയും ചെയ്തതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
നഗരത്തിലെ പ്രധാന ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് പാലം വിപുലീകരിച്ചതെന്നും ആർ.ടി.എ കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പീക്ക് സമയങ്ങളിലെ ഗതാഗത തിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാർക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമായ ഗതാഗത അനുഭവം ഉറപ്പാക്കാൻ ആധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളാണ് പദ്ധതിയിൽ ഉപയോഗിച്ചത്.



