ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഗുരുതര ആസൂത്രണ പാളിച്ചയും പ്രവർത്തന പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി.
ഇതോടൊപ്പം എയർലൈൻസിൻ്റെ ഉന്നത മാനേജ്‌മെന്റിനെതിരെയും നടപടി തുടങ്ങി. വിമാന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിൽ പരാജയം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ സി.ഇ.ഒയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. പ്രവർത്തന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റനെ സ്ഥാനത്തുനിന്ന് നീക്കാനും നിർദേശം നൽകി.ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കണമെന്നും ഡി.ജി.സിഎ ആവശ്യപ്പെട്ടു.
പൈലറ്റുമാരുടെ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡിസംബർ ആദ്യവാരം നൂറുകണക്കിന് ഇൻഡിഗോ വിമാനങ്ങൾ റദ്ദാകുകയും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങുകയും ചെയ്തത്. സംഭവം ഗൗരവകരമാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.



