ദുബൈ : ദുബൈയില്‍ ഇനി കുട്ടികളുടെ സ്കൂൾ യാത്രയ്ക്ക് പുതിയ മുഖം.കുട്ടികൾ ഇനി സ്കൂളിലേക്ക് എസ്.യു.വി വാഹനങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യും.
ഗതാഗതക്കുരുക്ക് കുറയ്ക്കാനും സ്കൂൾ യാത്രകൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ട് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്കൂൾ ട്രാൻസ്പോർട്ട് പൂളിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. യാംഗോ ഗ്രൂപ്പും അർബൻ എക്സ്പ്രസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരേ പ്രദേശത്ത് താമസിക്കുന്നതും സമീപ സ്കൂളുകളിൽ പഠിക്കുന്നതുമായ കുട്ടികൾക്ക് സുരക്ഷിതവും ആധുനികവുമായ എസ്.യു.വി വാഹനങ്ങളിലാണ് യാത്ര. ഇതിലൂടെ യാത്രാസമയം കുറയ്ക്കാനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കും.
അൽ ബർഷ പ്രദേശത്തെ സ്കൂളുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരീക്ഷണം. വരും മാസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.



