ദുബൈ : യു.എ.ഇയിൽ പ്രസവാവധി ദീർഘിപ്പിക്കാൻ ശുപാർശ. ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങളാണ് ആവശ്യം മുന്നോട്ട് വെച്ചത്. നിലവിലുള്ള 45 ദിവസത്തിൽ നിന്ന് അവധി 98 ദിവസമാക്കി ഉയർത്തണമെന്നാണ് ആവശ്യം.
സർക്കാർ മേഖലയിലെ അവധിയാണ് നീട്ടേണ്ടതെന്നും ഇവർ അവശ്യപ്പെട്ടു. യു.എ.ഇ കുടുംബകാര്യ മന്ത്രി സന ബിന്റ് മുഹമ്മദ് സുഹൈൽ പങ്കെടുത്ത യോഗത്തിലായിരുന്നു അംഗങ്ങൾ ആവശ്യം ഉയർത്തിയത്. പ്രസവാവധി നീട്ടുന്നതിലൂടെ പ്രസവാനുകൂല്യങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ യു.എ.ഇക്ക് കഴിയുമെന്നും ഫെഡറൽ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
രാജ്യത്തിൻ്റെ ഗാർഹിക പീഡന നിയമത്തിലും മാറ്റങ്ങൾ വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. ഗാർഹിക പീഡനം തടയാൻ ഇത് ആവശ്യമാണെന്നും ഗാർഹിക പീഡനം ചെറുക്കാൻ കൂടുതൽ ശക്തമായ പ്രചാരണം അനിവാര്യമാണെന്നും അംഗങ്ങൾ പറഞ്ഞു



