ന്യൂഡൽഹി : പ്രതിസന്ധികൾ പരിഹരിച്ച് സർവീസുകൾ ശരിയായ രീതിയിൽ ആരംഭിക്കാൻ ഇൻഡിഗോ.
പുതിയ വിമാന ഡ്യൂട്ടി സമയപരിധി ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതോടെ ഇനി വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. വ്യോമയാന നിയന്ത്രണ സ്ഥാപനമായ ഡിജിസിഎയുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിലാണ് കമ്പനി ഈ ഉറപ്പ് നൽകിയത്.
പൈലറ്റുമാരുടെ ക്ഷാമം പൂര്‍ണമായി പരിഹരിച്ചതായും, ഇപ്പോൾ ആവശ്യത്തിന് ജീവനക്കാർ ലഭ്യമാണെന്നും ഇൻഡിഗോ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ പൈലറ്റുമാരുടെ കുറവ് മൂലം നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ നിരവധി യാത്രക്കാർക്ക് വലിയ അസൗകര്യം നേരിട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ ഫെബ്രുവരി 10 വരെ ഡിജിസിഎ ഇൻഡിഗോയ്ക്ക് സമയം അനുവദിച്ചത്. ഈ കാലാവധി അവസാനിക്കാനിരിക്കെ പ്രവർത്തനങ്ങൾ ഇപ്പോൾ സ്ഥിരതയിലാണെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.
കണക്കുകൾ പ്രകാരം ഫെബ്രുവരി 10ഓടെ 2,280 ക്യാപ്റ്റൻമാർ ആവശ്യമുള്ളപ്പോൾ നിലവിൽ 2,400 പേർ ഇൻഡിഗോയിൽ സേവനമനുഷ്ഠിക്കുന്നു. അതുപോലെ, 2,050 ഫസ്റ്റ് ഓഫീസർമാർ വേണ്ട സ്ഥാനത്ത് 2,240 പേർ ഇപ്പോൾ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സർവീസുകളിൽ തടസ്സമുണ്ടാകില്ലെന്ന് ഇൻഡിഗോ ഉറപ്പുനൽകി. ഡിസംബർ ആദ്യവാരത്തിൽ ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരെ ബാധിച്ച സർവീസ് തടസ്സങ്ങളെ തുടർന്ന് ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തിയിരുന്നു.



