ദുബൈ : നഗരവാസികൾക്കും സന്ദർശകർക്കും തുറന്ന അന്തരീക്ഷത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി പുതിയ ഫിറ്റ്നസ് പദ്ധതി പ്രഖ്യാപിച്ചു.
നഗരത്തിലെ തിരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലും കണ്ടെയ്നർ മാതൃകയിൽ രൂപകൽപ്പന ചെയ്ത അത്യാധുനിക ജിമ്മുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
ഈ സൗകര്യങ്ങൾ സ്ഥാപിക്കുകയും നടത്തിപ്പുചെയ്യുകയും ചെയ്യുന്നതിന് താൽപ്പര്യമുള്ള നിക്ഷേപകരിൽ നിന്ന് മുനിസിപ്പാലിറ്റി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. സ്വദേശികളും പ്രവാസികളും സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളികളാകും.
ആദ്യഘട്ടത്തിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ജിമ്മുകൾ ആരംഭിക്കുന്നത്. അൽ ഖവാനിജ് പോണ്ട് പാർക്ക്, അൽ ബർഷ സൗത്ത് പാർക്ക്, അൽ മംസർ കോർണിഷ് എന്നിവയാണ് പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ. പൊതുജനങ്ങൾക്ക് പ്രകൃതിയോടൊപ്പം വ്യായാമം ചെയ്യാനുള്ള പുതിയ അനുഭവം നൽകുന്ന പദ്ധതിയായിരിക്കും ഇതെന്ന് അധികൃതർ വ്യക്തമാക്കി.



