മുംബൈ : മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഇന്ന് രാവിലെ രാവിലെ 8.45ഓടെയാണ് സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്.
അപകടത്തിൽപ്പെട്ട വിമാനം എൽ & എസ് ഏവിയേഷൻ കമ്പനിയുടെ ലിയർജെറ്റ് വിഭാഗത്തിൽപ്പെട്ട പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റാണ്. വിമാനം പൂർണമായും കത്തിനശിച്ച നിലയിലാണ്.
അഞ്ചുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ അജിത് പവാർ, അദ്ദേഹത്തിന്റെ രണ്ട് സ്റ്റാഫ് അംഗങ്ങൾ, കൂടാതെ പൈലറ്റ് ഉൾപ്പെടെ രണ്ട് വിമാന ജീവനക്കാർ.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 66 വയസായിരുന്നു. മുംബൈയിൽ നിന്ന് ബാരാമതിയിൽ നടക്കുന്ന പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അജിത് പവാർ യാത്രതിരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ശരത് പവാറുമായി ഉണ്ടായ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് 2023ൽ എൻ.സി.പി പിളർന്ന് ഭരണപക്ഷത്ത് ചേർന്നതോടെയാണ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായത്. മുമ്പും ഉപമുഖ്യമന്ത്രിപദം വഹിച്ചിട്ടുണ്ട്.എട്ട് തവണ നിയമസഭാംഗവും ഒരുതവണ പാർലമെന്റ് അംഗവുമായ ദീർഘകാല നേതാവായിരുന്നു അജിത് പവാർ.



