ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അരിജിത് സിങ്. ഇപ്പോഴിതാ അദ്ദേഹം പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഏറെ ഞെട്ടലോടെയും വിഷമത്തോടെയുമാണ് ആരാധകർ ഈ വാർത്ത കേട്ടത്.
ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന് അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത തീരുമാനം അരിജിത് സിങ് വെളിപ്പെടുത്തിയത്.
അദ്ദേഹം പങ്കുവെച്ച വൈകാരികമായ കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ :
“ഈ വർഷങ്ങളിലുടനീളം ഒരു ശ്രോതാവെന്ന നിലയിൽ എനിക്ക് നിങ്ങൾ നൽകിയ അതിരില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി മുതൽ പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കില്ലെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ യാത്ര ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. ഇത് ഒരുപാട് മനോഹരമായൊരു യാത്രയായിരുന്നു”
‘ആഷിഖി 2’ എന്ന ചിത്രത്തിലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെയാണ് അരിജിത് സിങ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്. ‘ചന്ന മേരേയ’, ‘ഫിർ ഭീ തുംകോ ചാഹുംഗ’, ‘ഹവായേൻ’ തുടങ്ങിയ അനവധി ഗാനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സംഗീതരംഗത്തെ മികച്ച സാനിധ്യമായി മുൻനിരയിലെത്തിച്ചു.
സംഗീതരംഗത്തെ സംഭാവനകൾക്കായി രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള അരിജിത് സിങ്ങിനെ 2025-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അതെസമയം വിരമിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലാത്ത അദ്ദേഹം, തൻ്റെ ഭാവി പദ്ധതികളെക്കുറിച്ചും യാതൊരു സൂചനയും നൽകിയിട്ടില്ല. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.



