ബെംഗളൂരു : സി.ജെ റോയിയുടെ മരണകാരണം വെടിയേറ്റതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ശ്വാസകോശത്തെയും ഹൃദയത്തെയും തുളച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് ബൗറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദ് വ്യക്തമാക്കി.
ശരീരത്തിൽ നിന്ന് 6.35 എം.എം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. ഇടത് നെഞ്ചിലേക്കാണ് വെടിയുണ്ട പ്രവേശിച്ചത്. ഹൃദയവും ശ്വാസകോശവും തകർത്ത വെടിയേറ്റ് വെടിയുതിർത്ത നിമിഷം തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. വിരലുകളിലും രക്തസാംപിളുകളിലും ഉൾപ്പെടെ വിശദമായ പരിശോധനകൾ നടത്തി വരികയാണെന്നും, കൂടുതൽ ഫോറൻസിക് ഫലങ്ങൾ ലഭിക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു.
അതെസമയം സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജോയിന്റ് കമ്മീഷണറും രണ്ട് എസ്.പി മാർുമടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. മരണത്തിനു പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതികരിച്ചു.
എന്നാൽ റോയുടെ മരണത്തിന് പിന്നിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അമിത സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകളോ മറ്റ് വ്യക്തിഗത പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും, കേന്ദ്ര ഏജൻസികളുടെ തുടർച്ചയായ ഇടപെടലുകൾ അദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.



