ദുബൈ: യു.എ.ഇയിൽ കണ്ണ് സംബന്ധമായ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കണ്ണുകൾ ചുവന്നുതുടങ്ങുക, നീറ്റൽ, വെള്ളം വരുക തുടങ്ങിയ ലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
നിലവിൽ വൈറൽ കൺജങ്ക്റ്റിവിറ്റിസ് കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന തോന്നലിൽ ചികിത്സ പാതിവഴിയിൽ നിർത്തുന്നത് രോഗം വീണ്ടും ശക്തമാകാൻ കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സ്കൂളുകളും ഓഫീസുകളും പോലുള്ള പൊതുസ്ഥലങ്ങളിൽ രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്.
സ്വയം ചികിത്സ അപകടകരമാണെന്നും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കുന്നത് കാഴ്ച നഷ്ടപ്പെടുന്നതിലേയ്ക്ക് വരെ നയിക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കണ്ണിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കണമെന്ന് നിർദേശമുണ്ട്. അതെസമയം ഭയപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് അധികൃതർ അറിയിച്ചു.



