ഷാർജ: റമദാൻ മാസത്തിൽ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് പഠന സമയക്രമം സ്വയം നിശ്ചയിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകി. എന്നാൽ, ദിവസേന സ്കൂൾ പ്രവർത്തന സമയം ആറ് മണിക്കൂറിൽ കൂടുതലാകരുതെന്ന് അധികൃതർ വ്യക്തമാക്കി.
അംഗീകൃത അക്കാദമിക് കലണ്ടറും പാഠ്യപദ്ധതിയും പാലിച്ചുകൊണ്ട് പഠനത്തിന്റെ തുടർച്ചയും നിലവാരവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. റമദാൻ കാലയളവിൽ സ്കൂളുകളുടെ ആരംഭവും അവസാന സമയവും ഓരോ സ്ഥാപനത്തിനും അനുയോജ്യമായി ക്രമീകരിക്കാം.
സമയക്രമം തയ്യാറാക്കുമ്പോൾ വിദ്യാർത്ഥികളുടെ പ്രായവും വിദ്യാഭ്യാസ ഘട്ടങ്ങളും, കൂടാതെ അവരുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങളും പരിഗണിക്കണമെന്നും അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച്, നിരവധി സ്വകാര്യ സ്കൂളുകൾ ഇതിനകം തന്നെ പുതുക്കിയ ടൈംടേബിളുകൾ തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്.



