ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മരണം താണ്ഡവമാടിയ ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന നിരവധി പേരാണ് ഉള്ളത്. ഇപ്പോൾ ഗസ്സയിൽ ഇസ്രായേൽ നടത്തിയ നരനായാട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഇസ്രായേൽ ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇസ്രായേൽ വംശഹത്യക്ക് ഉപയോഗിച്ചവയിൽ മനുഷ്യരെ ആവിയാക്കാനും ചാരമാക്കാനും കഴിവുള്ളത്ര മാരകമായ നിരോധിത ആയുധങ്ങളും ഉൾപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ നിരോധിച്ച തെർമൽ, തെർമോബാരിക് ആയുധങ്ങളും ഗസ്സയിൽ ഇസ്രായേൽ ആസൂത്രിതമായി ഉപയോഗിച്ചതായി അൽ ജസീറയാണ് കണ്ടെത്തിയത്.
ചെറിയ എല്ലിൻകഷ്ണങ്ങളും രക്തതുള്ളികളും മാത്രം അവശേഷിപ്പിച്ച് മനുഷ്യരെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാൻ ശേഷിയുള്ള ഗുരുതര ആയുധങ്ങളാണ് ഗസ്സയിൽ ഇസ്രായേൽ പ്രയോഗിച്ചത്. 3,500 ഡിഗ്രി സെൽഷ്യസ് (6,332 ഡിഗ്രി ഫാരൻഹീറ്റ്)ലേറെ താപനില സൃഷ്ടിക്കാൻ കഴിവുള്ള ഈ ആയുധങ്ങൾ ഒരു പ്രദേശത്ത് പതിക്കുന്നതിലൂടെ അവിടെയുള്ളവരെല്ലാം ആവിയായിപ്പോവുന്ന പ്രതിഭാസമാണ് സൃഷ്ടിക്കപ്പെടുകയെന്നും അൽ ജസീറ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.



