ദുബൈ : ദുബൈയിൽ ഗതാഗത സംവിധാനത്തെ കൂടുതൽ സ്മാർട്ടും പരിസ്ഥിതി സൗഹൃദവുമാക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമാകുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് പാളങ്ങളില്ലാതെ സഞ്ചരിക്കുന്ന ട്രാക്ക്ലെസ് ട്രാം അവതരിപ്പിക്കുന്നത്.
പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന, ഡ്രൈവർ ആവശ്യമില്ലാത്ത ഈ ട്രാം മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. മൂന്ന് ബോഗികളിലായി ഒരേസമയം 300 പേർക്ക് യാത്ര ചെയ്യാനാകും. ആദ്യഘട്ടത്തിൽ നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളിലായിരിക്കും സർവീസ് ആരംഭിക്കുക.
ഇതിനൊപ്പം ബസുകളും, ടാക്സികളും സമയബന്ധിതമായി സഞ്ചരിക്കാൻ 13 കിലോമീറ്റർ നീളത്തിൽ പ്രത്യേക പാതകളും ഒരുക്കുന്നു. യാത്രാസമയം കുറയ്ക്കുകയും കൂടുതൽ ആളുകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.



