ദുബൈ : മേഘങ്ങളിലേക്ക് രാസവസ്തുക്കൾ വിതറുന്ന പരമ്പരാഗത രീതിക്ക് പകരമായി ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കാൻ യു.എ.ഇ. അബൂദബിയിലെ ടെക്‌നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലാണ് പരീക്ഷണം.
ലബോറട്ടറി പരീക്ഷണങ്ങളിൽ ഇത് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്, ഉടൻ ഫീൽഡ് പരീക്ഷണങ്ങളും നടത്താനാണ് പദ്ധതി.
ശക്തമായ ലേസർ പൾസുകൾ അന്തരീക്ഷത്തിലേക്ക് പ്രക്ഷേപിച്ച് ജലബാഷ്പം ചെറുതുള്ളികളായി മാറാൻ സഹായിക്കുന്ന രീതിയാണ് വികസിപ്പിച്ചത്. രാസവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഇത് പരിസ്ഥിതി സൗഹൃദമാണ്.
മൊബൈൽ സംവിധാനമായതിനാൽ രാജ്യത്തിൻ്റെ ഏത് ഭാഗത്ത് എത്തിച്ചും ഉപയോഗിക്കാനാകും. ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ഈ സാങ്കേതിക വിദ്യ ഭാവിയിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷ.



