ഷാർജ : യുദ്ധത്തിന്റെ മുറിവുകൾ ഇനിയും മായാത്ത ഗസയിൽ പ്രതീക്ഷയുടെ കൈത്താങ്ങാവുകയാണ് ഷാർജ. അവയവങ്ങൾ നഷ്ടപ്പെട്ട ഗസയിലെ ആയിരം കുട്ടികൾക്ക് ഈ റമദാൻ മാസത്തിൽ ഷാർജയിലെ ‘The ‘Big Heart Foundation’ ന്റെ നേതൃത്വത്തിൽ, അവയവങ്ങളും സമഗ്ര പുനരധിവാസവും നൽകുന്നു.
കുട്ടികൾ വളരുന്നതിനനുസരിച്ച് 18 വയസ് വരെ കൃത്രിമ അവയവങ്ങളിൽ മാറ്റം വരുത്തുന്ന ദീർഘകാല പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് തുടക്കമാകുന്നത്. മൂന്ന് വർഷം നീളുന്ന ചികിത്സയും മാനസിക പിന്തുണയും ഉൾക്കൊള്ളുന്ന ഈ പദ്ധതി ഫലസ്തീൻ സംഘടനയായ താവോൺ ഫൗണ്ടേഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
ഓരോ സംഭാവനയും ഒരു കുട്ടിയുടെ സ്വപ്നത്തെയും ഭാവിയെയും പുനർനിർമ്മിക്കുന്നതാണ്.സമാഹരിക്കുന്ന മുഴുവൻ തുകയും നേരിട്ട് കുട്ടികൾക്കായിരിക്കും വിനിയോഗിക്കുക. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവനകളിലൂടെ പദ്ധതിയിൽ പങ്കാളികളാകാം.
റമദാനിലെ കാരുണ്യവും, ദാനധർമ്മവും മാനവിക നന്മയ്ക്ക് എന്ന മഹത്തായ സന്ദേശം കൂടെയാണ് ഷാർജ ലോകത്തിന് പകർന്ന് നൽകുന്നത്.



