ഏകാന്തതയെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു കുഞ്ഞ് കുരങ്ങന്റെ കഥയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് ‘പഞ്ച്’ ആണ് കഥയുടെ കേന്ദ്രബിന്ദു.
ജനിച്ച ഉടൻ തന്നെ അമ്മ ഉപേക്ഷിച്ച പഞ്ച്, പിന്നീടുള്ള ദിവസങ്ങളിൽ കൂട്ടത്തിലെ മറ്റ് കുരങ്ങുകളുടെയും സ്നേഹം ലഭിക്കാതെ ഒറ്റപ്പെടുകയായിരുന്നു. കൂട്ടത്തിനിടയിൽ ഇടം കിട്ടാതെ മാറിനിന്ന പഞ്ച്, പരിഭവത്തോടെ ഒരിടത്ത് ചുരുണ്ടുകൂടിയിരിക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
ഈ ഒറ്റപ്പെടലാണ് മൃഗശാല അധികൃതരെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. പഞ്ചിന് ഒരു കൂട്ടുകാരനെ ഒരുക്കുക. അങ്ങനെയാണ് ‘ഓറ-മാമ’ എന്ന പേരിട്ട ഒരു പാവ അവന് സമ്മാനമായി നൽകിയത്. അതോടെ അവന്റെ ജീവിതം പതിയെ മാറിത്തുടങ്ങി.
ഇപ്പോൾ നടക്കുമ്പോഴും, കളിക്കുമ്പോഴും, ഉറങ്ങുമ്പോഴും പഞ്ചിന്റെ കൈവിടാതെ കൂടെയുള്ളത് ആ പാവയാണ്. ചിലപ്പോൾ പാവയെ ചേർത്തുപിടിച്ച് ഉറങ്ങും. ചിലപ്പോൾ കൂട്ടത്തിൽ നിന്ന് മാറ്റിനിർത്തുമ്പോൾ പാവയോടു ചേർന്ന് ഒതുങ്ങിക്കൂടും. അങ്ങനെ എല്ലാറ്റിനും പാവ മതി.
സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നിമിഷങ്ങൾക്കകം അവ വൈറലായി. #KeepGoingPunch എന്ന ഹാഷ്‌ടാഗോടെ ലോകമെമ്പാടുമുള്ളവർ പഞ്ചിനോട് അവരുടെ സ്നേഹവും പിന്തുണയും നൽകി ഒപ്പം നിന്നു.“നിനക്ക് ഞങ്ങളുണ്ട്”, “നീ ഒറ്റയ്ക്കല്ല” എന്നിങ്ങനെ നീളുന്നു പതിനായിരകണക്കിന് കമന്റുകൾ.
ഇന്ന് പഞ്ച് ഒറ്റയ്ക്കല്ല.ലോകത്തിന്റെ പല കോണുകളിലായി അനേകം ആളുകൾ അവനെ പിന്തുടരുന്നു. അവൻ ഒറ്റപ്പെടാതിരിക്കാൻ അവർ പ്രാർത്ഥിക്കുന്നു. അതെസമയം ഒറ്റപ്പെടൽ എത്ര വേദനിപ്പിക്കുന്നതാണെന്നും, ഒരു ചെറിയ സ്നേഹസ്പർശത്തിന് പോലും വലിയ മാറ്റം സൃഷ്ടിക്കാമെന്നും പഞ്ചിന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നു.



