ദുബൈ : ട്രാഫിക് കുരുക്കിന് ഹൈടെക് പരിഹാരവുമായി ദുബൈ മുന്നോട്ട് വരുന്നു. ഭക്ഷണവും ചെറുകിട സാധനങ്ങളും ഇനി റോഡിലൂടെ അല്ല, ആകാശമാർഗം എത്തിക്കുന്ന ഡ്രോൺ ഡെലിവറി സംവിധാനമാണ് നഗരത്തിൽ പരീക്ഷിക്കുന്നത്.
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ കുടുങ്ങാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന ഡ്രോണുകൾ ഡെലിവറി സമയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സഹായിക്കും. സ്കൂളുകൾ, ഹൗസിംഗ് കമ്മ്യൂണിറ്റികൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പാക്കുക.
വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട ക്രീക്കുകളും ജലാശയങ്ങളും ഡ്രോണുകൾ നിമിഷങ്ങൾക്കുള്ളിൽ മറികടക്കുന്നതിലൂടെ വിതരണം വേഗത്തിലാക്കാനും സാധിക്കും.
ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭാവിയിൽ ഭക്ഷണ വിതരണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.



