റിയാദ് : സൗദിയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്. സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി യുടേതാണ് മുന്നറിയിപ്പ്.
ഫെബ്രുവരി ഇരുപത്തിയെട്ട് വരെ ചില മേഖലകളിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും
അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ കാറ്റിനെ തുടർന്ന് കാഴ്ചപരിധി ഗണ്യമായി കുറയുക, ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ, മണിക്കൂറിൽ നാല്പത് മുതൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പ്രധാനമായും റിയാദ്,മക്ക, മദീന എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും റോഡ് ഗതാഗതത്തെയും ബാധിക്കും. പൊടിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വാഹനമോടിക്കുമ്പോൾ ഹെഡ് ലൈറ്റുകൾ ഓൺ ചെയ്യണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.പുറത്തിറങ്ങുന്ന സാഹചര്യത്തിൽ മാസ്ക് ധരിച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.



