ദുബൈ : വിമാന സർവീസ് തടസം നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ.
വേഗതയും ഉത്തരവാദിത്വവും കൈകോർത്ത ഇടപെടലിൽ സൗദി അതിർത്തിയിൽ കുടുങ്ങിയ 350 യാത്രക്കാരെ സുരക്ഷിതമായി അബൂദബിയിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ അടിയന്തരമായി ഒരുക്കുകയായിരുന്നു.
ഇത്തിഹാദ് റെയിലിൻ്റെ ഔദ്യോഗിക ലോഞ്ചിന് മുൻപേ നടത്തിയ ഈ അസാധാരണ ഓപ്പറേഷൻ നിരവധി പേർക്കാണ് ഉപകാരപ്രദമായത്.
അൽ ഗുവൈഫത്ത് മുതൽ അൽ ഫയ വരെ നടത്തിയ മൂന്ന് സർവീസുകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയാണ് യാത്ര ആരംഭിച്ചത്.
അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ എത്രത്തോളം സജ്ജമാണെന്ന് തെളിയിച്ച ഒരു നിമിഷം കൂടിയായിരുന്നു ഇത്.



