ദുബൈ : പ്രാദേശിക സംഘർഷവും ഗതാഗത തടസ്സങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും യു.എ.ഇയിൽ ചരക്കുകളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതിൽ നിർണായക പങ്കുമായി ഇത്തിഹാദ് റെയിൽ. രാജ്യത്തെ റെയിൽവേ നെറ്റ്‌വർക്കിലൂടെ ചരക്ക് ട്രെയിനുകൾ പതിവുപോലെ സർവീസ് തുടരുന്നതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മാത്രം 100-ലധികം ചരക്ക് ട്രെയിനുകൾ ഓടിച്ച് ഏകദേശം 4.59 ലക്ഷം ടൺ ചരക്കുകളും 7,900-ലധികം കണ്ടെയ്നറുകളും വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചു. രാജ്യത്തെ പ്രധാന വ്യവസായ മേഖലകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക് കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിലൂടെ യു.എ.ഇയുടെ സപ്ലൈ സംവിധാനം ശക്തമായി തുടരാൻ ഈ റെയിൽ നെറ്റ്‌വർക്ക് സഹായിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആവശ്യമുള്ളിടങ്ങളിൽ അധിക റെയിൽ കോറിഡോറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.



