ദുബൈ : കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നിർബന്ധിത വാക്സിനേഷൻ നിയമം കർശനമാക്കി യു.എ.ഇ. രാജ്യത്ത് നിശ്ചയിച്ചിരിക്കുന്ന വാക്സിനുകൾ കുട്ടികൾക്ക് സമയബന്ധിതമായി നൽകാത്ത പക്ഷം രക്ഷിതാക്കൾക്ക് പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
5,000 ദിർഹം മുതൽ 20,000 ദിർഹം വരെയാണ് പിഴ ചുമത്തുക.
പകർച്ചവ്യാധി പ്രതിരോധത്തിനായി ഫെഡറൽ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ മുന്നറിയിപ്പ്.പൊതുജനാരോഗ്യം സംരക്ഷിക്കാനും രോഗങ്ങൾ വ്യാപിക്കുന്നത് തടയാനും വേണ്ടിയാണ് നടപടി ശക്തമാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്കൂളുകളിൽ പ്രവേശനത്തിനും ചില സേവനങ്ങൾ ലഭിക്കുന്നതിനുമായി കുട്ടികളുടെ വാക്സിനേഷൻ രേഖ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.



