ദുബൈ : മിഡിലീസ്റ്റിലെ സംഘർഷം യുഎഇയിലെ തൊഴിൽ മേഖലകളെയും ചെറിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യുഎഇയിൽ ജോലി ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.
കൃത്യമായ കാരണങ്ങളില്ലാതെ ജോലിയിൽ നിന്നും തൊഴിലാളിയെ പിരിച്ചുവിടുന്നത് “അന്യായ പിരിച്ചുവിടൽ” ആയി കണക്കാക്കപ്പെടും.
കമ്പനിക്കെതിരെ പരാതി നൽകിയതിനെ തുടർന്നോ, വ്യക്തിപരമായ കാരണങ്ങളാലോ ജോലി നഷ്ടപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു.
എന്നാൽ, ശരിയായ കാരണം ഉണ്ടെങ്കിൽ, 30 മുതൽ 90 ദിവസം വരെ നോട്ടീസ് നൽകി നിയമാനുസൃതമായി ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.
അന്യായമായി പിരിച്ചുവിട്ടാൽ തൊഴിലാളികൾ ആദ്യം മാനവവിഭവശേഷി മന്ത്രാലയമായത്തിൽ പരാതി നൽകണം. അവിടെ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ കേസ് ലേബർ കോടതിയിലേക്ക് പോകും.
ഇത്തരം കേസുകളിൽ, തൊഴിലാളിക്ക് മൂന്ന് മാസത്തെ ശമ്പളവരെ നഷ്ടപരിഹാരം, നോട്ടീസ് കാലയളവിലെ ശമ്പളം, സർവീസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാൻ അവകാശമുണ്ട്.
ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നിയമ സഹായം തേടാൻ തൊഴിലാളികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു.



