ദുബൈ : റോഡ് സുരക്ഷയും താമസ മേഖലകളിലെ ശാന്തതയും ഉറപ്പാക്കാൻ ശക്തമായ പരിശോധനയുമായി ദുബൈ പൊലീസ്. പരിശോധനയിൽ നിയമലംഘനം നടത്തിയ 1,230 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
അമിത ശബ്ദം ഉണ്ടാക്കുന്ന എക്സോസ്റ്റ് സംവിധാനങ്ങൾ, അനധികൃത വാഹന മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.
പരിശോധനയുടെ ഭാഗമായി 33,000 ത്തിലധികം ഡ്രൈവർമാർക്ക് പിഴയും ചുമത്തിയതായി അധികൃതർ അറിയിച്ചു. താമസ പ്രദേശങ്ങളിൽ രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന ശബ്ദ മലിനീകരണത്തെക്കുറിച്ചുള്ള പരാതികൾ വർധിച്ചതിനെ തുടർന്ന് നടപടികൾ കൂടുതൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ റോഡ് സുരക്ഷയ്ക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്നതിനാൽ നിയമലംഘകരെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



