ദുബൈ: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ യൂറോപ്യൻ പൗരന് പത്ത് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബൈ ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബൈ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് കടത്തുന്നതിനും കൈവശം വെക്കുന്നതിനും എതിരെയുള്ള യുഎഇയുടെ കർശനമായ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ വിധി.
എന്നാൽ ബാഗിനുള്ളിൽ ലഹരിമരുന്നുള്ളതായി അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഏഷ്യൻ വംശജയായ പെൺസുഹൃത്താണ് ബാഗ് പാക്ക് ചെയ്തതെന്നും താൻ യുഎഇയിലേക്ക് വരുന്ന വിവരം അറിയാതെയാണ് സുഹൃത്ത് ലഹരി ബാഗിൽ വച്ചതെന്നും പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിയുടെ വാദങ്ങൾ പൂർണമായി കോടതി തള്ളി. യുഎഇ പോലെ നിയമങ്ങൾ കർശനമായി പാലിക്കുന്ന രാജ്യങ്ങളിലെത്തുന്ന പ്രവാസികൾക്ക് ബാഗിലുള്ള വസ്തുക്കളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.



