ദുബൈ :യുഎഇയിൽ ഇന്നും കടുത്ത വേനൽച്ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്. തീരദേശ മേഖലകളിൽ ഈർപ്പം കൂടുന്നതിനാൽ ചൂട് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്.
പെരുന്നാൾ അവധി ആഘോഷങ്ങൾക്കായി ബീച്ചുകൾ, പാർക്കുകൾ, മരുഭൂമി ക്യാംപുകൾ തുടങ്ങിയ തുറസ്സായ ഇടങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഡോക്ടർമാർ പറയുന്നതനുസരിച്ച്, കടുത്ത ചൂട് സൂര്യാഘാതം, നിർജലീകരണം, ക്ഷീണം, തലവേദന, ഹൃദയവും വൃക്കയും ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ശരീരത്തിൽ ജലവും ഉപ്പും കുറയുന്നതും ആരോഗ്യപ്രശ്നങ്ങൾ വഷളാക്കും.
അതിനാൽ:
ധാരാളം വെള്ളം കുടിക്കുക
കുടയും കൂളിംഗ് ഗ്ലാസും ഉപയോഗിക്കുക
അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
ദിവസത്തിൽ രണ്ടുതവണ കുളിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കാൻ സഹായിക്കും
പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തുക
ദിവസേന കുറഞ്ഞത് 2.5 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക
എന്നിവയാണ് ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ.
അതേസമയം, ഒമാൻ അതിർത്തിയോട് ചേർന്ന മലയോര മേഖലകളിൽ നേരിയ വേനൽമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ എത്താനിടയുള്ളതിനാൽ പൊടിക്കാറ്റും അനുഭവപ്പെടാം.



