ദുബൈ : 2025-ൽ ദുബൈയുടെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയായ RTA, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി മാത്രം 5.3 ബില്യൺ ദിർഹം വരുമാനം നേടി. മുൻവർഷത്തേക്കാൾ 20.6 ശതമാനം വർധനയാണിത്. അതേസമയം, ഒരു വർഷത്തിനിടെ നടന്ന ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 62.8 കോടി പിന്നിട്ടു.
RTAയുടെ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം 96 ശതമാനത്തിലെത്തിയപ്പോൾ, ഉപഭോക്തൃ സംതൃപ്തി 98 ശതമാനമായി ഉയർന്നു. 1.2 മില്യണിലധികം സജീവ ഉപയോക്താക്കളുള്ള RTA Dubai ആപ്പും S’hail ആപ്പും ദുബൈയുടെ സ്മാർട്ട് ഗതാഗത സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങളായി മാറിക്കഴിഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സ്മാർട്ട് ആപ്പുകൾ എന്നിവയുടെ സഹായത്തോടെ സർക്കാർ സേവനങ്ങളെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുകയാണ് ദുബൈ ലോകത്തിലെ ഏറ്റവും സ്മാർട്ട് നഗരങ്ങളിലൊന്നാകാനുള്ള ദുബൈയുടെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവയ്പ്പായി ഈ നേട്ടത്തെ വിലയിരുത്താം.



