അബൂദബി: യുഎഇയിലെ കൗമാരക്കാർക്കിടയിൽ ഇ-സിഗരറ്റ് അഥവാ വേപ്പ് ഉപയോഗം വൻതോതിൽ വർധിച്ചുവരുന്നതായും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
വേപ്പ് എന്നത് വെറും ‘ഫ്ലേവർ ചേർത്ത വായു’മാത്രമാണെന്ന തെറ്റായ ധാരണയാണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ, വിഷലിപ്തമായ മറ്റ് രാസവസ്തുക്കൾ, ഹീറ്റിംഗ് കോയിലിൽ നിന്നുള്ള ലോഹകണങ്ങൾ എന്നിവ ശ്വാസകോശത്തെ മാരകമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
ആകർഷകമായ സുഗന്ധങ്ങൾ, മനോഹരമായ പാക്കേജിംഗ്, സോഷ്യൽ മീഡിയയിലെ സ്വാധീനം എന്നിവ ഉപയോഗിച്ച് പുതിയ തലമുറയെ നിക്കോട്ടിന് അടിമകളാക്കാൻ പുകയില കമ്പനികൾ ബോധപൂർവ്വം ശ്രമിക്കുന്നതായി ലോകാരോഗ്യ സംഘടനയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവരേക്കാൾ ഒൻപത് മടങ്ങ് അധികമാണ് കൗമാരക്കാരിലെ ഇ-സിഗരറ്റ് ഉപയോഗമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കായിക വിനോദങ്ങളിലുള്ള താല്പര്യക്കുറവ്, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ഉറക്കക്കുറവ്, ചുണ്ടുകളിലെ വരളിച്ച, വായിലെ വ്രണങ്ങൾ എന്നിവ വേപ്പിംഗിന്റെ പ്രധാന ലക്ഷണങ്ങളാകാം. സാധാരണ സിഗരറ്റിനെ അപേക്ഷിച്ച് ഇതിന്റെ മണം പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നതിനാൽ, മക്കളുടെ സ്വഭാവത്തിലും ദിനചര്യകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.



