അബൂദബി : എബോള വൈറസ് വ്യാപനത്തെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസകൾ ഉൾപ്പെടെയുള്ള പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് ഈ സുപ്രധാന മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്.
2026 ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ഈ വിസ വിലക്ക് നിലവിൽ വരും.
എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരിലൂടെ രോഗവ്യാപനം ഉണ്ടാകുന്നത് തടയാനും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് യുഎഇ ഇത്തരമൊരു അടിയന്തര പ്രതിരോധ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ആയിട്ടോ എത്തുന്ന യാത്രക്കാർക്ക് യുഎഇയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നും പുറപ്പെട്ട് മറ്റേതെങ്കിലും രാജ്യങ്ങളിൽ 21 ദിവസത്തിലധികം കഴിഞ്ഞ ശേഷം യുഎഇയിൽ എത്തുന്നവർക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.
അതേസമയം, ഈ നിയന്ത്രണങ്ങൾ ട്രാൻസിറ്റ് വിമാന സർവീസുകളെയോ ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഗോ സർവീസുകളെയോ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള എബോള വൈറസ് വ്യാപന സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തുകയാണെന്നും, ആവശ്യമെങ്കിൽ ആരോഗ്യ മാനദണ്ഡങ്ങൾ മുൻനിർത്തി കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും യുഎഇ ഭരണകൂടം കൂട്ടിച്ചേർത്തു.



