ദുബൈ:യുഎയിലെ ഈ വർഷത്തെ ഏറ്റവും കഠിനമായ വേനൽക്കാല ഘട്ടമായ ‘ജംറതുൽ ഖൈത്’ നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകി. നാളെ മുതൽ ഓഗസ്റ്റ് 10 വരെയുള്ള 40 ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂടും കഠിനമായ വരണ്ട കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുകയെന്ന് അധികൃതർ വ്യക്തമാക്കി.
കടുത്ത ഉഷ്ണതരംഗത്തിനുള്ള സാധ്യത കണക്കിലെടുത്ത്, പകൽ സമയങ്ങളിൽ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളും പൊതുജനങ്ങളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ഉച്ചസമയത്തെ നിർബന്ധിത ജോലി വിലക്ക് ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധരും ഓർമ്മിപ്പിക്കുന്നു.



