അബൂദബി : ശമ്പളം ലഭിക്കുന്ന സമയമാണ് തട്ടിപ്പുകാർ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന കാലയളവെന്ന് മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്. വ്യാജ ഓഫറുകളിൽ വീഴരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ പ്രോപ്പർട്ടി പരസ്യങ്ങൾ, കള്ള വിസ-റെസിഡൻസി സേവനങ്ങൾ, വ്യാജ ജോലി ഓഫറുകൾ, ലേബർ സപ്ലൈ വാഗ്ദാനങ്ങൾ തുടങ്ങിയവയിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. അനധികൃത ഇൻഷുറൻസ് ഉൽപ്പന്നങ്ങളും വ്യാജ വാഹന വിൽപ്പന അവകാശവാദങ്ങളും തട്ടിപ്പിനായി ഉപയോഗിക്കുന്നതായും പൊലീസ് അറിയിച്ചു.
റിമോട്ട് ആക്‌സസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ഒഴിവാക്കണം. ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ എന്നിവ ആരുമായും പങ്കുവയ്ക്കരുതെന്നും പോലീസ് നിർദേശിച്ചു. സംശയാസ്പദമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അബൂദബി പൊലീസിന്റെ അമാൻ സേവനത്തിൽ 8002626 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.



