ദുബൈ: യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സഫീർ മാർക്കറ്റിന് ഇമേജസ് RetailME-യുടെ സൂപ്പർമാർകെറ്റ് ചെയിൻ ഓഫ് ദി ഇയർ ഗോൾഡൻ സ്പൂൺ പുരസ്കാരം. റീട്ടെയിൽ മേഖലയിലെ മികവ്, ഉപഭോക്തൃ സംതൃപ്തി, മികച്ച മൂല്യം എന്നിവയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
സെപ്റ്റംബർ 15ന് നടന്ന ഇമേജസ് RetailME ഫുഡ് ബിസിനസ് ഫോറം വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്. അൽ സഫീർ ഗ്രൂപ്പ് വൈസ് ചെയർപേഴ്സൺ രശ്മി കൽവാനി പാണ്ഡ്യയും സഫീർ മാർക്കറ്റ് സിഇഒ ബിജോയ് തോമസ് പുലിക്കലും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
യുഎഇയിൽ നിരവധി ശാഖകളുള്ള സഫീർ മാർക്കറ്റ്, നിത്യോപയോഗ സാധനങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. മത്സരാധിഷ്ഠിത വിലയും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു.
പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് രശ്മി കൽവാനി പാണ്ഡ്യ പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച അവർ, സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന മുഴുവൻ ടീമിനെയും അഭിനന്ദിച്ചു. സഫീർ മാർക്കറ്റിന്റെ ടീമുകളുടെ കൂട്ടായ പരിശ്രമത്തിന്റെയും സൂപ്പർമാർക്കറ്റ് മേഖലയിലെ മികവിനോടുള്ള തുടർച്ചയായ പ്രതിബദ്ധതയുടെയും തെളിവാണ് പുരസ്കാരമെന്ന് ബിജോയ് തോമസ് പുലിക്കലും പ്രതികരിച്ചു.



