ദുബൈ: യുഎഇയിലെ സംരംഭകർക്കും ഉപഭോക്താക്കൾക്കും വമ്പൻ സമ്മാനങ്ങളുമായി ബിസ്മി ഹോൾസെയിൽ ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു. യുഎഇയിലെ പ്രവർത്തനത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 60 ദിവസത്തെ കാമ്പയിൻ ഒക്ടോബർ ഒന്ന് മുതൽ നവംബർ 29 വരെയാണ് നടക്കുന്നത്. 2030-ഓടെ 30,000 ബിസിനസുകളെ ശാക്തീകരിക്കുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബിസ്മിയിൽനിന്ന് 300 ദിർഹമോ അതിലധികമോ തുകയ്ക്ക് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. രണ്ട് ജെറ്റൂർ ടി2 ഐ-ഡിഎം കാറുകൾ, ഉൽപന്നങ്ങൾ നിറച്ച അഞ്ച് 20 അടി കണ്ടെയ്നറുകൾ, സ്വർണനാണയങ്ങൾ, ഐഫോൺ 18 പ്രോ, ഡൈസൺ കിറ്റുകൾ, ബിസ്മി ഷോപ്പിങ് വൗച്ചറുകൾ എന്നിവയാണ് പ്രധാന സമ്മാനങ്ങൾ. നവംബർ ഏഴിനും ഡിസംബർ അഞ്ചിനുമായി രണ്ട് തത്സമയ നറുക്കെടുപ്പുകൾ നടക്കും.
സംരംഭകരുടെ ബിസിനസ് വളർച്ചയ്ക്ക് സഹായിക്കുന്ന സമ്മാനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. സമ്മാനമായി ലഭിക്കുന്ന കണ്ടെയ്നറുകളിലെ ഉൽപന്നങ്ങൾ വിജയികൾക്ക് നേരിട്ട് വ്യാപാരത്തിനായി ഉപയോഗിക്കാം. 2024-ലെ മെഗാ ഫെസ്റ്റ് സീസൺ 3-ൽ പൂർണമായി സജ്ജീകരിച്ച മിനി മാർട്ട് സമ്മാനമായി നൽകിയിരുന്നു. ഇത്തവണയും സംരംഭകർക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ ഒരുക്കുകയാണ് ബിസ്മിയുടെ ലക്ഷ്യം.
2001-ൽ പ്രവർത്തനം ആരംഭിച്ച ബിസ്മി ഇന്ന് യുഎഇയിലെ 12,000-ത്തിലധികം ബിസിനസുകൾക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 300-ലധികം എഫ്.എം.സി.ജി വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങളാണ് കമ്പനി വിതരണം ചെയ്യുന്നത്. മികച്ച ഉൽപന്ന ലഭ്യതയും വിതരണ സംവിധാനവും ഡിജിറ്റൽ സേവനങ്ങളും വഴി യുഎഇയിലെ സംരംഭകർക്ക് കൂടുതൽ പിന്തുണ നൽകാനാണ് ബിസ്മി ലക്ഷ്യമിടുന്നത്.
സംരംഭകരുടെ വളർച്ചയിൽ വിശ്വസ്ത പങ്കാളിയാകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബിസ്മി ഗ്രൂപ്പ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്നതിന്റെ ഭാഗമാണ് മെഗാ ഫെസ്റ്റ് എന്നും കമ്പനി അറിയിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ബിസ്മി ഗ്രൂപ്പ് ചെയർമാനും സി.എം.ഡിയുമായ പി.എം. ഹാരിസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫൈസൽ ഹാരിസ്, ഫഹീം ഹാരിസ്, സി.ഇ.ഒ റോഷൻ കക്കാട്ട് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



