ദുബൈ: ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ. അടുത്ത കാലയളവിൽ ഇന്ത്യയിൽ 25 ബില്യൺ യുഎസ് ഡോളർ കൂടി നിക്ഷേപിക്കാൻ യുഎഇ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
ഇന്ത്യ–യുഎഇ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപ നീക്കം. തുറമുഖങ്ങൾ, കപ്പൽ നിർമ്മാണം, ലോജിസ്റ്റിക്സ്, ഊർജ മേഖല, ബഹിരാകാശം, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ഓഹരി വിപണി തുടങ്ങിയ മേഖലകളിൽ യുഎഇയിൽ നിന്ന് കൂടുതൽ നിക്ഷേപം എത്താനുള്ള സാധ്യതയാണ് ഉയരുന്നത്.

ഇതിനകം തന്നെ ഇന്ത്യയിൽ ഏകദേശം 25 ബില്യൺ ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വരും വർഷങ്ങളിൽ ഇത് കൂടുതൽ ഉയർത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം.
അതേസമയം, ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 2025–26 സാമ്പത്തിക വർഷത്തിൽ 101 ബില്യൺ ഡോളർ കടന്നു. 2032-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.പുതിയ നിക്ഷേപങ്ങൾ യാഥാർഥ്യമാകുന്നതോടെ ഇന്ത്യ–യുഎഇ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.



