
‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടന്ന മേളയിൽ 126 രാജ്യങ്ങളിൽ നിന്നുള്ള 3,626 പ്രസാധകരും പ്രദർശകരും പങ്കെടുത്തു. 17 ലക്ഷം പുസ്തകശീർഷകങ്ങളാണ് വായനക്കാർക്കായി അവതരിപ്പിച്ചത്. 1,500 സാംസ്കാരിക, കലാ, സർഗാത്മക പരിപാടികളിലായി 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും ചിന്തകരും സർഗപ്രതിഭകളും അണിനിരന്നു.

മേളയോടനുബന്ധിച്ചുള്ള ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ പ്രസാധന–വിവർത്തന അവകാശങ്ങളുടെ കൈമാറ്റത്തിനായി 7,966 കൂടിക്കാഴ്ചകൾ നടന്നു. മുൻ പതിപ്പിനേക്കാൾ 140 ശതമാനത്തിലധികമാണ് വർധന. പകർപ്പവകാശ വ്യാപാരത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയെന്ന സ്ഥാനം തുടർച്ചയായി ആറാം വർഷവും നിലനിർത്തിയതായി സംഘാടകർ അറിയിച്ചു.

അതിഥി രാജ്യമായ ഒമാന്റെ സാഹിത്യവും പൈതൃകവും പരമ്പരാഗത കലകളും അവതരിപ്പിച്ച പരിപാടികളും ശ്രദ്ധ നേടി. അറബ് സാഹിത്യപഠന രംഗത്തെ സംഭാവനകൾ പരിഗണിച്ച് മൊറോക്കൻ പണ്ഡിതൻ ഡോ. സഈദ് യഖ്തീനെ മേളയുടെ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു.



