അബൂദബി: മാധ്യമമേഖലയുടെ ഭാവി ചർച്ച ചെയുന്ന രണ്ടാമത് ഗ്ലോബൽ മീഡിയ കോൺഗ്രസ് 2023ന് ഇന്ന് തുടക്കം. നവംബർ 14 മുതൽ 16 വരെ 3 ദിവസത്തെ കോൺഗ്രസ് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള മാധ്യമ മേഖലയിലെ വിദഗ്ധർ, വിദ്യാർഥികൾ, വ്യവസായ പ്രമുഖർ, തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, നവീകരണം, നിർമിത ബുദ്ധി എന്നിവക്ക് പ്രാധാന്യം നൽകും.
മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു എന്ന തലക്കെട്ടിലാണ് സംഘടിപ്പിക്കുന്നത്. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററും എമിറേറ്റ്സ് ന്യൂസ് ഏജൻസിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് തുടക്കം കുറിച്ചത്. യു എ ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാധികാരത്തിൽ ആണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
