ദുബൈ : ലോകത്തിന്റെ ഹൃദയത്തിലേക്കു സ്വാഗതം.ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ലോകത്തിലെ 3 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ദുബൈ.
ജനുവരി മുതൽ ജൂൺ വരെ 98.8 ലക്ഷം സഞ്ചാരികളെയാണ് ദുബൈ സ്വാഗതം ചെയ്തത്.
മുൻ വർഷത്തെക്കാൾ 6% വർധന. പൊതു, സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടത്തിയ മുന്നേറ്റമാണ് ലോക ടൂറിസം വിപണിയിൽ എമിറേറ്റിനെ മുന്നിൽ എത്തിച്ചതെന്ന് ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു. വർഷത്തിന്റെ ആദ്യ പാദത്തിൽ ദുബായിലെ ഹോട്ടലുകളിൽ 80.6% മുറികളിലും അതിഥികളുണ്ടായിരുന്നു. മുറികൾക്ക് 584 ദിർഹമാണ് ശരാശരി വാടക. വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനെ സ്വാഗതം ചെയ്ത ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ, ദുബൈ ലോകത്തിന്റെ ഹൃദയമാണെന്നു പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ലോകത്തിന്റെ ഹൃദയത്തിലേക്കു സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരുടെ പട്ടികയിൽ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ളവരാണ് മുന്നിൽ 22%. കിഴക്കൻ യൂറോപ്പിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും 15% പേർ വീതമാണ് സന്ദർശകർ.
ലോക വ്യാപകമായി ദുബൈ നടത്തുന്ന പ്രചാരണങ്ങളും ഫലം കണ്ടു. മികച്ച റസ്റ്ററന്റുകളും സന്ദർശകരെ ആകർഷിക്കുന്നു. ലോകത്തിലെ മികച്ച റസ്റ്ററന്റുകൾക്കു ലഭിക്കുന്ന മിഷലിൻ അവാർഡുകൾ തുടർച്ചയായി ദുബൈയിലെ ഹോട്ടലുകൾ നേടുന്നതും സന്ദർശകരെ ആകർഷിക്കുന്നു.
ലോകത്തിന്റെ ഹൃദയത്തിലേക്ക് സ്വാഗതം:ഈ വർഷം 6 മാസത്തിനിടെ ദുബൈ സന്ദർശിച്ചത് 98.8 ലക്ഷം സഞ്ചാരികൾ.



