അബുദബി: ലോകത്തിലെ മികച്ച വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര തലത്തിൽ എട്ടാം സ്ഥാനവും മധ്യപൂർവ ദേശത്ത് ഒന്നാം സ്ഥാനവുമുണ്ട്. ട്രാവൽ ആൻഡ് ടൂറിസം പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസറാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ലോകമെമ്പാടുമുള്ള 80 ലക്ഷം വിനോദ സഞ്ചാര ആകർഷണങ്ങളിൽ നിന്നാണ് ഗ്രാൻഡ് മോസ്ക്കിനെ തിരഞ്ഞെടുത്തത്. യുഎഇയുടെ വിനോദ സഞ്ചാര വളർച്ചയ്ക്ക് ഗ്രാൻഡ് മോസ്ക് നിർണായക പങ്ക് വഹിക്കുന്നതായി ട്രിപ് അഡ്വൈസർ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക പൈതൃകത്തിന്റെയും കലയുടെയും നേർരൂപമാണ് ഗ്രാൻഡ് മോസ്ക്. സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ആളുകളെ ആകർഷിക്കാനുള്ള ശേഷി ഗ്രാൻഡ് മോസ്കിനുണ്ട്. പ്രതിവർഷം 70 ലക്ഷം പേരാണ് ഇവിടം സന്ദർശിക്കുന്നത്.
വിനോദ സഞ്ചാര പട്ടികയിൽ ഗ്രാൻഡ് മോസ്ക് ആഗോള തലത്തിൽ എട്ടാം സ്ഥാനത്ത്



