ദമ്മാം : സൗദിയിൽ അത്യുഷ്ണവും മഴയും തുടരും. മധ്യ, കിഴക്കൻ സൗദിയിൽ താപനില 50° വരെ ഉയരാൻ സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വടക്ക് പടിഞ്ഞാറൻ സൗദിയിൽ തുടരുന്ന മഴയും മൂടൽമഞ്ഞും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. കിഴക്കൻ സൗദിയിലും മധ്യ സൗദിയിലും വരും ദിവസങ്ങളിൽ വേനൽചൂട് വീണ്ടും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ അൽഹസ, ദമാം, ജുബൈൽ, നാരിയ ഭാഗങ്ങളിൽ പകൽ താപനില 48 മുതൽ 50 ഡിഗ്രി വരെ വീണ്ടും ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. മദീനയിലും തബൂക്കിന്റെ തീരപ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ വർദ്ധനവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വടക്കൻ പടിഞ്ഞാറൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മഴ വരും ദിവസങ്ങളിൽ വീണ്ടും ശക്തമാകും. നജ്റാൻ,റിയാദ്,അൽ ഖസീം, അൽജൗഫ്,ജിസാൻ,അസീർ, അൽബഹ മക്ക എന്നീ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു



