റിയാദ്: സൗദിയിൽ വ്യോമയാന മേഖലയിലെ നിക്ഷേപകർക്കായി ഏകീകൃത ഇൻവെസ്റ്റർ ഗൈഡ് പുറത്തിറക്കി സിവിൽ ഏവിയേഷൻ അതോറിറ്റി. വ്യോമയാന മേഖലയിലെ നിക്ഷേപകരെ ലക്ഷ്യമാക്കിയാണ് സംവിധാനം.വ്യോമയാന മേഖലയിൽ വിദേശികൾക്കുള്ള സാധ്യതകളും നിയമങ്ങളും ഗൈഡ് വഴി അറിയാവുന്നതാണ്.
ദേശീയ എയർലൈൻസ്, ലോജിസ്റ്റിക് സേവനങ്ങൾ,അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് എന്നിവയ്ക്കാവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങളും ആവശ്യകതകളും വ്യക്തമാക്കുന്നതാണ് പുതിയ ഗൈഡ്.
ലൈസൻസ് അപേക്ഷാ പ്രക്രിയ, നിയമപരമായ ആവശ്യകതകൾ, ഔദ്യോഗിക ഫോറങ്ങളും അവയുടെ പൂരിപ്പിക്കൽ രീതിയും, ഓരോ നടപടിക്രമത്തിന്റെയും സമയപരിധിയും ചെലവും തുടങ്ങിയവയാണ് ഗൈഡിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക നയങ്ങൾ, സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങൾ, സമാന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, അന്തർദേശീയ സഹകരണം സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയും ഗൈഡിൽ ഉൾപെടും. നിക്ഷേപകർക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുക,വ്യോമയാന മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.



