അബുദബി :ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വീകാര്യത ചൂഷണം ചെയ്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍.
മാൽവെയറുകള്‍ അല്ലെങ്കിൽ ഗെയിം ഫയലുകള്‍ എന്ന വ്യാജേനയുള്ള പരസ്യങ്ങൾ എന്നിവ അയച്ചുനല്‍കിയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നതെന്ന് അബുദബി പൊലീസ് അറിയിച്ചു.
ഔദ്യോഗിക വെബ്‌സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജ വെബ്‌സൈറ്റുകള്‍ തയാറാക്കി ഗെയിമില്‍ ആകൃഷ്ടരാവുന്ന ചെറിയ കുട്ടികളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയാണ് തട്ടിപ്പ് നടത്തിവരുന്നത്. ഇതിനായി ഗെയിം കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള രീതികൾ തട്ടിപ്പുകാര്‍ സ്വീകരിക്കുന്നുണ്ട്.
ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അടക്കമുള്ളവയും നല്‍കുകയും ഇതിലൂടെ സാമ്പത്തിക തട്ടിപ്പിനിരയാവുകയും ചെയ്യുന്നെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ ബോധവത്കരിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ അപരിചിതരുമായി സംസാരിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്നും വെര്‍ച്വല്‍ ഇടങ്ങളില്‍ പീഡനമോ മറ്റോ നേരിട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് നിർദേശിച്ചു.



