ദുബൈ: ഇന്നലെ ദുബൈയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായെങ്കിലും, വിജയത്തിന് ശേഷം നാടകീയ സംഭവവികാസങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറി. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം കിരീടമോ മെഡലുകളോ ഏറ്റുവാങ്ങാതെ പിന്മാറി. ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ സാന്നിധ്യമായിരുന്നു കാരണം.
ഇന്ത്യൻ താരങ്ങൾ വ്യക്തിഗത പുരസ്കാരങ്ങൾ സ്വീകരിച്ചെങ്കിലും, സാങ്കൽപ്പികമായി കിരീടം ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ചിത്രങ്ങളിൽ ആരുടെയും കഴുത്തിൽ മെഡലുകളില്ല, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കൈയ്യിലും ട്രോഫി ഉണ്ടായിരുന്നില്ല.
മത്സരം അവസാനിച്ച് മണിക്കൂറുകൾക്കുശേഷമാണ് സമ്മാനദാനത്തിന് തുടക്കമായത്. എന്നാൽ പാക്കിസ്ഥാൻ ടീം വൈകിയെത്തി. നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനവും മുൻകൂട്ടി ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും പാക്കിസ്ഥാൻ മന്ത്രി എന്നതുമാണ് ഇന്ത്യയുടെ ബഹിഷ്‌കരണത്തിന് പിന്നിലെ കാരണം.
അതേസമയം, അഭിഷേക് ശർമ്മ പ്ലെയർ ഓഫ് ദി സീരീസ്, തിലക് വർമ്മ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങൾ സ്വന്തമാക്കി. പാക്കിസ്ഥാൻ കളിക്കാർ റണ്ണേഴ്‌സ് അപ്പ് മെഡലുകൾ ഏറ്റുവാങ്ങിയെങ്കിലും, ക്യാപ്റ്റൻ സൽമാൻ അലി ആഗ സമ്മാനത്തുകയുടെ ചെക്ക് മൈതാനത്ത് എറിഞ്ഞു പ്രതിഷേധിച്ചു.
ടീം ഇന്ത്യയുടെ നിലപാട് സൂര്യകുമാർ യാദവ് തന്നെ സ്ഥിരീകരിച്ചു. “നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്നാണ് ഞങ്ങളുടെ തീരുമാനം. ഡ്രസ്സിങ് റൂമിൽ തന്നെ 14 ട്രോഫികൾ ഉണ്ട്. ഞങ്ങളുടെ യഥാർത്ഥ ട്രോഫികൾ ടീമിലെ എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും തന്നെയാണ്” വിജയത്തിന്റെ ആവേശം പങ്കുവെച്ച് സൂര്യകുമാർ പറഞ്ഞ് വച്ചു . വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഇന്നലത്തെ സംഭവത്തോടെ തലപൊക്കിയിരിക്കുന്നത് .



