ദുബൈ: കാണുന്ന എല്ലാ ക്യു.ആർ കോഡുകളും സ്കാൻ ചെയ്യാനുള്ളതാണോ ? അല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ മുനിസിപ്പാലിറ്റി.
സ്ഥിരീകരിക്കാത്ത ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. മതിയായ പരിശോധനയില്ലാതെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നത് വഴി പാസ്‌വേഡുകൾ, ബാങ്ക് കാർഡ് വിവരങ്ങൾ, സ്വകാര്യ ഡാറ്റ എന്നിവ തട്ടിപ്പുകാർ കൈവശപ്പെടുത്തിയേക്കാമെന്നാണ് മുനിസിപ്പാലിറ്റിയുടെ സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്.
ഈ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കാനായി, മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
_ ലിങ്കുകളുടെ തുടക്കം ‘https://’ എന്നതായിട്ടാണോ എന്ന് ഉറപ്പാക്കണം .
_ പൊതുസ്ഥലങ്ങളിലോ മതിലുകളിലോ പതിച്ച അജ്ഞാത ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യരുത്.
_അനധികൃത വെബ്‌സൈറ്റുകളിൽ ഡാറ്റ നൽകരുത്
എന്നിങ്ങനെ സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിനായി ചില പ്രധാന നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി പങ്കുവച്ചിട്ടുണ്ട്.
ഓർക്കുക ,
സൈബർ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ്…
ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ രണ്ടുതവണ ചിന്തിക്കുക, അപകടങ്ങൾ ഒഴിവാക്കുക.



