ഷാർജ: ലോക വായനാപ്രേമികളുടെ പ്രിയപുസ്തകമേളക്ക് വേദിയാകാൻ വീണ്ടും ഷാർജ ഒരുങ്ങുന്നു. 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 5 മുതൽ 16 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ തന്നെയാണ് നടക്കുക .
‘നിങ്ങളും പുസ്തകവും’ എന്നതാണ് ഇത്തവണത്തെ പുസ്തക മേളയുടെ പ്രമേയം.
മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ ഉൾപ്പെടെ നിരവധി സാഹിത്യകാരൻമാർ ഇത്തവണ മേളയിലെത്തും.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വം നൽകുന്ന മേളയിൽ 118 രാജ്യങ്ങളിൽ നിന്നായി 2350 പ്രസാധകർ ഇത്തവണ പങ്കെടുക്കും.
66 രാജ്യങ്ങളിൽ നിന്നായി 251 പ്രമുഖരുടെ 1200ലധികം പരിപാടികളും മേളയെ സമ്പന്നമാക്കും. 300 ലേറെ സാംസ്കാരിക പരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായി 750ലേറെ ശിൽപശാലകളും നടക്കും.
ഈ വർഷം 10 രാജ്യങ്ങൾ കൂടി അധികമായി മേളയിൽ പങ്കെടുക്കുന്നുവെന്നതും പ്രത്യേകതയാണ് . ഗ്രീസ് ആണ് ഈ വർഷത്തെ അതിഥി രാജ്യം.



