റാസൽഖൈമ: യു.എ.ഇയിലെ റാസൽഖൈമയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ കൊട്ടാരമാണ് ‘അൽ ഖാസിമി കൊട്ടാരം’, നാട്ടുകാർ ഈ കൊട്ടാരത്തെ വിളിക്കുന്നത് ‘പ്രേത കൊട്ടാരം’ എന്ന പേരിലാണ്.
നിരവധി നിഗൂഢതകളും പ്രേതകഥകളും ചുറ്റിപ്പറ്റിയ ഈ കൊട്ടാരം ഇപ്പോൾ വിൽക്കാനൊരുങ്ങുകയാണ്. 25 മില്യൺ ദിർഹത്തിനാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
1985-ൽ വിടപറഞ്ഞ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി നിർമിച്ച ഈ നാല് നിലകളുള്ള മാളിക ഒരിക്കൽ ആഡംബരത്തിന്റെ പ്രതീകമായിരുന്നു.
20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായി 35 മുറികളുള്ള ഈ കൊട്ടാരം, അതിന്റെ നിർമ്മാണത്തിൽ തന്നെ വിസ്മയം സൃഷ്ടിച്ച കെട്ടിടങ്ങളിലൊന്നായിരുന്നു.
ഇസ്ലാമിക്, മൊറോക്കൻ, പേർഷ്യൻ, ഫ്രഞ്ച്, ഇന്ത്യൻ തുടങ്ങിയ ശൈലികൾ ചേർന്നാണ് ഈ കൊട്ടാരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൊട്ടാരത്തിനകത്തെ മനോഹരമായ തറകളും സീലിംഗുകളും, മേൽക്കൂരയിലെ ഗ്ലാസ് പിരമിഡ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഓരോ ഭാഗത്തും ആ കാലഘട്ടത്തിലെ കലാപാരമ്പര്യത്തിന്റെ സ്വാധീനം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
ഏകദേശം 500 മില്യൺ ദിർഹത്തിലധികം ചെലവഴിച്ച് നിർമിച്ച ഈ കൊട്ടാരം, ഒരിക്കൽ വാസ്തുവിദ്യയുടെ മികവിനെയും അർബൻ ആഡംബരജീവിതത്തെയുമാണ് പ്രതിനിധീകരിച്ചിരുന്നത്.
എന്നാൽ വർഷങ്ങളായി ഒഴിഞ്ഞു കിടന്ന ഈ കൊട്ടാരത്തെ ചുറ്റിപ്പറ്റി പ്രേതകഥകളും നിഗൂഢതകളും രൂപംകൊണ്ടു. എന്നാൽ അതെല്ലാം കേവലം കെട്ടുകഥകൾ മാത്രമായിരുന്നു.
നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷമിപ്പോൾ ഈ ചരിത്രനിർമ്മിതി വിൽപ്പനയ്ക്ക് വെച്ചിരിക്കുമ്പോൾ അൽ ഖാസിമി കൊട്ടാരം’ ആരാണ് സ്വന്തമാക്കുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.



