ദുബൈ: സ്മാർട്ട് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).
പുതുക്കിയ നിരക്ക് പ്രകാരം, മിനിമം ചാർജ് 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർധിപ്പിച്ചിട്ടുണ്ട്.
തിങ്കൾ മുതൽ വ്യാഴം വരെ പീക്ക് സമയങ്ങളായ രാവിലെ 8 മുതൽ 9:59 വരെയും വൈകുന്നേരം 4 മുതൽ 7:59 വരെയും ബുക്കിങ് ഫീസ് 7.5 ദിർഹമായിരിക്കും, ഫ്ലാഗ്-ഫാൾ നിരക്ക് 5 ദിർഹമായി തുടരും.
ഓഫ്-പീക്ക് സമയങ്ങളിൽ ബുക്കിങ് ഫീസ് 4 ദിർഹമായി കുറയുകയും ഫ്ലാഗ്-ഫാൾ നിരക്ക് മാറ്റമില്ലാതിരിക്കുകയും ചെയ്യും.
രാത്രികാല സർവീസുകൾക്കായി പുലർച്ചെ 12 മുതൽ 5:59 വരെ ബുക്കിങ് ഫീസ് 4.5 ദിർഹവും, ഫ്ലാഗ്-ഫാൾ 5.5 ദിർഹവുമാണ്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ പീക്ക് സമയമായ വൈകുന്നേരം 4 മുതൽ 9:59 വരെയും രാത്രിയിലെ 10 മുതൽ 11:59 വരെയും ബുക്കിങ് ഫീസ് 7.5 ദിർഹമായി നിശ്ചയിച്ചിരിക്കുകയാണ്.
പുതിയ നിരക്കനുസരിച്ച് തിരക്കേറിയ സമയങ്ങളിലും വൈകിയുള്ള യാത്രകളിലും ടാക്സി സേവനങ്ങൾക്ക് മുൻകാലത്തേക്കാൾ ഉയർന്ന ചെലവ് വരുമെന്നാണ് ആർടിഎയുടെ സൂചന. പുതുക്കിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും.



