ദുബൈ : കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തത് യു.എ.ഇയിലാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൈബർ ന്യൂസ് പുറത്തിറക്കിയ പഠനം പ്രകാരം, 2020 മുതൽ 2025ന്റെ ആദ്യ പകുതി വരെ യുഎഇയിലെ VPN ഡൗൺലോഡ് നിരക്ക് 65.78% ആയി രേഖപ്പെടുത്തി.
യുഎഇയ്ക്ക് പിന്നാലെ ഖത്തർ (55.43%), സിംഗപ്പൂർ (38.23%), നൗറു (35.49%), ഒമാൻ (31%), സൗദി അറേബ്യ (28.93%), നെതർലാൻഡ്‌സ് (21.77%), യുകെ (19.63%), കുവൈറ്റ് (17.88%), ലക്സംബർഗ് (17.3%) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ.
യു.എ.ഇയിൽ VPN ആപ്പുകൾ ഉപയോഗിക്കുന്നത് നിയമപരമാണെങ്കിലും, അവ ഉപയോഗിച്ച് സർക്കാർ തടഞ്ഞ വെബ്‌സൈറ്റുകൾ, കോളിംഗ് ആപ്പുകൾ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ ആക്‌സസ് ചെയ്യുകയോ ഐപി വിലാസം മറച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ കഠിന ശിക്ഷ ലഭിക്കും. ഇത്തരം ലംഘനങ്ങൾക്ക് 500,000 മുതൽ 2 മില്യൺ ദിർഹം വരെ പിഴയോ തടവോ ലഭിക്കാമെന്ന് നിയമം വ്യക്തമാക്കുന്നു.



